Monday, April 11, 2011

പോരാട്ടം

          ഉച്ചയ്ക്കു ബാക്കി വന്ന കഞ്ഞിയില്‍ പാതി ഒരു മുളകു കൂട്ടി കഴിച്ചിട്ട് സുബൈദ പുറത്തേയ്ക്ക് നോക്കി. നേരം നന്നായി ഇരുട്ടി. കൂമന്‍‌ മൂളുന്നു. എങ്കിലും അലവിഹാജി വരാന്‍ ഇനിയും വൈകും. ചോറും കറികളും വിളമ്പി മൂടിവച്ച് അടുക്കളയൊന്നു തൂത്തുവാരി തെക്കേ ചായ്പില്‍ എത്തി കുഞ്ഞുമോള്‍ എന്തു ചെയ്യുകയാണെന്ന് അവള്‍ ഒളിഞ്ഞു നോക്കി. കീറപ്പായില്‍ ചുമരോട് ചേര്‍ന്ന് ഒച്ചയുണ്ടാക്കാതെ ഏങ്ങിക്കരയുകയാണ്. അങ്ങനെ തന്നെ വേണം. എന്തായിരുന്നു നെഗളിപ്പ്‌. അവളും അവളുടെ ഒരു മേരിക്കുട്ടീം. മേരിക്കുട്ടിയ്ക്ക് വിശേഷമുണ്ടെന്ന് അന്നു രമണി വന്നു പറഞ്ഞപ്പോള്‍ എന്തായിരുന്നു അവളുടെ ഒരു തുള്ളലും ചാട്ടോം. മേരിക്കുട്ടിയെന്നു വച്ചാല്‍ ജീവനാണത്രെ. എന്താണ് മേരിക്കുട്ടിക്കിത്ര മേന്മ എന്നു തനിയ്ക്കു മനസ്സിലാവുന്നില്ല. കുറച്ച് പണവും കാണാന്‍ നല്ല ചന്തവും ഉണ്ടെന്നതു നേരാ. പക്ഷെ അതിന്റെ അഹങ്കാരവും അവള്‍ക്കുണ്ട്. ഏതായാലും താന്‍ അവളോട് അത്ര അടുപ്പത്തിനൊന്നും പോകാറില്ല.

             രണ്ടാണും മൂന്നു പെണ്ണുമാണ് മേരിക്കുട്ടിക്ക് ഇപ്പോഴുള്ളത്. മേരിക്കുട്ടിയുടെ മക്കളുടെ ഭംഗിയും മിടുക്കും വിവരിക്കാന്‍ എന്താവേശമാണ് കുഞ്ഞുമോള്‍ക്ക്. അടുത്തത് ആണ്‍കുഞ്ഞായിരിക്കുമെന്ന് അവള്‍ക്ക് ഉറപ്പാണത്രെ. അങ്ങനെ ഉറപ്പിച്ചിരിക്കുമ്പോഴാണ് ഇന്നു കാലത്തു രമണി വന്ന്‍ ആ വാര്‍ത്ത പറഞ്ഞത്. മേരിക്കുട്ടിയുടെ ഗര്‍ഭം അലസിപ്പോയത്രെ. അതുകേട്ടതും പോയി കിടക്കുന്നതാണ് കുഞ്ഞുമോള്‍. ഇന്നു മുഴുവനും ഒന്നും കഴിച്ചിട്ടില്ല. അവിടെ കിടക്കട്ടെ. “മനുഷ്യന്‍‌മാരായാല്‍ നെലത്തു നിക്കണം. കരക്കാര്‍ക്കു വേണ്ടി തുള്ളരുത്. എന്തൊരു പുകിലായിരുന്നു ഇവിടെ.” സുബൈദ ഒന്നു തോണ്ടി.

* * *

           നല്ല പണവും പേരുമുണ്ടായിരുന്ന തറവാടാണ് അലവിഹാജിയുടേത്. വടക്കന്‍ കാദിര്‍ എന്നു വിളിച്ചിരുന്ന സുന്ദരനും ഗുസ്തിക്കാരനുമായ കാദിര്‍ ഹാജിയാര്‍ ആ തറവാട്ടില്‍ എത്തിയത് കദീജുമ്മയെ മോഹിച്ചായിരുന്നു. ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കി അയാള്‍ തറവാട്ടില്‍ തന്നെ താമസം തുടങ്ങി. ബന്ധുക്കളെ ഓരോന്നായി അകറ്റി അവസാനം തറവാടും കുളംതോണ്ടി ദൂരെയെങ്ങോ ഉള്ള സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോയപ്പോള്‍ അലവിയെ മാത്രം അയാള്‍ കദീജുമ്മയ്ക്ക് ബാക്കിവച്ചു. പഴമക്കാരില്‍ ചിലര്‍ മാത്രം ഓര്‍ക്കുന്ന കാര്യമാണിത്. ഹജ്ജിനൊന്നും പോയിട്ടില്ലെങ്കിലും അലവിയ്ക്കും ബാപ്പയുടെ വാല്‍ കളിപ്പേരായി ലഭിച്ചു. അങ്ങനെ അലവി അലവിഹാജിയായി.

           സ്വന്തം കാര്യത്തിലൊഴികെ അലവിഹാജി ഒരു തണുപ്പനായിരുന്നു. വീഴാറായ വീടിനെപ്പറ്റിയോ വീട്ടിലെ ഇല്ലായ്മയെപ്പറ്റിയോ അയാള്‍ വേവലാതിപ്പെട്ടിരുന്നില്ലെങ്കിലും കദീജുമ്മ മകനെ ലാളിച്ചു. ഗുസ്തിക്കാരന്‍ കാദിരിന്റെ നിഴല്‍ പതിഞ്ഞ അലവിയെ അവര്‍ ഓമനിച്ചു. സ്വന്തം കാര്യമെങ്കിലും അവന്‍ നോക്കട്ടെ എന്നു കരുതി ആ ഉമ്മ പലചരക്കു കടക്കാരന്‍ മൂസാമുതലാളിയെ കണ്ട് ആവലാതി പറഞ്ഞു. അങ്ങനെ മുതലാളിയുടെ സഹാ‍യിയായി അലവി കടയില്‍ പോയി തുടങ്ങി. കാലക്രമേണ തന്റെ പണിയില്‍ അലവി കേമനാണെന്ന് മുതലാളി മനസ്സിലാക്കി. മായം ചേര്‍ക്കലും റേഷന്‍ മറിക്കലും കരിഞ്ചന്തയും പൂഴ്ത്തിവെയ്പുമുള്‍പ്പെടെ സകല തന്ത്രങ്ങളും മുതലാളി പഠിപ്പിക്കുകയും അലവി പഠിക്കുകയും ചെയ്തു. വെളുപ്പിനു കടയില്‍ വന്നാല്‍ പാതിരായ്ക്കേ തിരിച്ചു പോകൂ. പണിയില്‍ കാണിച്ച കൂറ് അലവിയെ മുതലാളിയുടെ അരുമയാക്കി. മൂസാ മുതലാളിയില്‍നിന്ന് കിട്ടുന്ന വരവിനേക്കള്‍ സൂത്രങ്ങള്‍ നിറഞ്ഞ തന്റെ ജോലിയിലായിരുന്നു അലവിയ്ക്ക് ഹരം.

           മകനു കല്യാണപ്രായമായപ്പോള്‍ കദീജുമ്മ സുബൈദയെ നിക്കാഹു ചെയ്യിച്ചു കൊടുത്തു. കാലമാ യിട്ടും ഒരു കുഞ്ഞിക്കാലു കാണാത്തതിന്റെ വിഷമത്തില്‍ അവര്‍ മരുമകളോട് കലഹിച്ചു. ഒടുവില്‍ കുഞ്ഞുമോളെയും നിക്കാഹു ചെയ്യിച്ചു കൊണ്ടുവന്നു. പിന്നെയും കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. മരുമക്കളുടെ മുഖത്തെ തീയും മകന്റെ തണുപ്പും കണ്ടിട്ടോ എന്തോ മൂന്നാമതൊരു കടുംകൈയ്ക്ക് കദീജുമ്മ ഒരുമ്പെട്ടില്ല. അയല്‍‌പക്കത്തെ കുട്ടികളെ കളിപ്പിച്ചും മരുമക്കളെ പിണക്കാതെയും ഒതുങ്ങി ജീവിച്ച അവര്‍ തളര്‍ന്നു കിടപ്പായിട്ട് കാലമേറെയായി. കുഞ്ഞുമോള്‍ക്കും സുബൈദയ്ക്കും നെയ്ത്തും തയ്യലുമൊക്കെ അറിയാവുന്നതുകൊണ്ട് അവര്‍ക്ക് പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല.
* * *

           രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞുമോളുടെ വ്യസനം കുറഞ്ഞു. അവള്‍ ഭക്ഷണം കഴിച്ചു, തയ്ച്ചു, ചിരിച്ചു. ഉച്ചക്കഞ്ഞി കഴിഞ്ഞ് സുബൈദയോട് നാട്ടുവര്‍ത്തമാനം പറഞ്ഞു തിണ്ണയിലിരിയ്ക്കുമ്പോഴാണ് വഴിയേ പോയ രമണി കയറി വന്നത്.

              “അറിഞ്ഞില്ലേ? സുജാതയ്ക്ക് വിശേഷമു ണ്ടെന്ന്!”
              കേട്ടതും കുഞ്ഞുമോളുടെ മുഖം കറുത്തു, സുബൈദയുടെ മുഖം വിടര്‍ന്നു.

       “ഇതെങ്കിലും പടച്ചോന്‍ കേടുകൂടാതെ കൊടുത്താല്‍ മതിയായിരുന്നു. ഇടയ്ക്കെത്രയെണ്ണം പോയി.”

       തുടര്‍ന്ന് സുബൈദ സുജാതയുടെ ഗുണഗണങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞു. സുജാതയുടെ തറവാട്ടുമഹിമ, അവളുടെ മൂന്നു പെണ്‍‌മക്കളുടെ ചന്തം, അങ്ങനെയങ്ങനെ ഒന്നൊഴിയാതെ എല്ലാം. സഹികെട്ട കുഞ്ഞുമോള്‍ മുഖം വീര്‍പ്പിച്ച് അകത്തേയ്ക്ക് വലിഞ്ഞു.

            “ഉപ്പും മുളകും തരിപോലുമില്ല. മുതലാളി കടയടയ്ക്കും മുമ്പേ പോകണം.” രമണി യാത്രയായി.

             സുജാതയെപ്പറ്റി ഓരോന്നോര്‍ത്ത് ഇരുട്ടും വരെ സുബൈദ തിണ്ണയില്‍ത്തന്നെ ഇരുന്നു. ഇത്തവ ണയെങ്കിലും ആണ്‍കുഞ്ഞിനെ കൊടുക്കണേ പടച്ചോനേ. അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

* * *

           ഭൂമി പിന്നെയും സൂര്യനെ ചുറ്റിക്കൊണ്ടിരുന്നു. ക്ഷാമവും വിലക്കയറ്റവും നല്ല തോതില്‍ പുരോഗമിച്ചു. മൂസാമുതലാളിയ്ക്ക് ഉറക്കം പോകുകയും അലവിഹാജി ജോലിയില്‍ ഉന്മാദം കൊള്ളുകയും ചെയ്തു. പണ്ടു വിലക്കുറവില്‍ വാങ്ങി കുഴിച്ചിട്ട വ്യഞ്ജനങ്ങള്‍ അലവി മാന്തി പുറത്തെടുത്തു. അന്നന്നത്തെ പത്രം നോക്കി മുതലാളി വില കയറ്റിവച്ചു. ചരടുപൊട്ടിയ പട്ടം പോലെ വിലവിവരപ്പട്ടിക ആകാശത്തുപറന്നപ്പോള്‍ മുതലാളിയും അലവിഹാജിയും കണ്ണിറുക്കി നാട്ടാരെ നോക്കി കഷ്ടംവച്ചു.

             അന്നു പുലരും മുമ്പേ കടയിലെത്തിയ അലവിയോട് മുതലാളി പറഞ്ഞു: “ഇന്നലെ വലിയ ചന്തയില്‍ കടല കിട്ടാനില്ലായിരുന്നെന്ന്. ഒടുക്കത്തെ വിലയുമാണത്രെ!”

           മുതലാളിയെ നോക്കി നാണിച്ച പുഞ്ചിരി യോടെ അലവി കടയുടെ പിന്നാമ്പുറത്തേക്ക് നടന്നു.

* * *

           സുബൈദ ഈയിടെയായി മൂളിപ്പാട്ടു പാടിക്കൊണ്ടേ എന്തും ചെയ്യൂ. അരി കഴുകുമ്പോഴും അടുപ്പില്‍ തീ കൂട്ടുമ്പോഴും തുണിയലക്കുമ്പോഴും എല്ലാം. അവളുടെ വിചാരങ്ങളില്‍ എപ്പോഴും സുജാതയുടെ ആണ്‍കുഞ്ഞായിരുന്നു. എന്തൊരു മിടുക്കനായിരിക്കും അവന്‍. ആരുടെ ഛായയായിരിയ്ക്കും. സുജാതയെപ്പോലെയോ അതോ അവന്റെ അച്ഛനെപ്പോലെയോ? ഇങ്ങനെയുള്ള ആലോചനകള്‍ക്കൊടുവില്‍ ഒരു നെടുവീര്‍പ്പോടെയാണ് അവള്‍ എഴുന്നേല്‍ക്കുക.

           സുബൈദയുടെ മൂളിപ്പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ കുഞ്ഞുമോള്‍ക്ക് ഒരു വിറവല്‍ വരും. പല്ലു ഞെരിച്ച് അവള്‍ വിഷമം കടിച്ചിറക്കും. രണ്ടാളും തമ്മില്‍ മിണ്ടാട്ടമില്ലാതായിട്ട് ദിവസങ്ങളായി. കുഞ്ഞുമോളുടെ അസ്വസ്ഥത സുബൈദയെ രസിപ്പിക്കാതിരുന്നില്ല.

           അന്നു വൈകിട്ട് നാഴിയരി കടം വാങ്ങാന്‍ വന്ന രമണി സുബൈദയുടെ കരളുപിളര്‍ക്കുന്ന ഒരു വാര്‍ത്തയും കൊണ്ടുവന്നിരുന്നു.

            “അറിഞ്ഞില്ലേ. സുജാത മാസം തികയാതെ പെറ്റു. കുഞ്ഞു രക്ഷപ്പെട്ടില്ല!”

           ഒരു ഏങ്ങലടിയോടെ സുബൈദ തെക്കേ ച്ചായ്പിലേക്കോടി. കുഞ്ഞുമോള്‍ രമണിയുടെ അടുത്തി രുന്ന് വിശേഷങ്ങള്‍ ഒന്നൊഴിയാതെ ചോദിച്ചറിഞ്ഞു. ഒന്നരനാഴി അരിയുമായി ഏറെ വൈകിയാണ് രമണി മടങ്ങിയത്. കുഞ്ഞുമോളുടെ മൂളിപ്പാട്ട് അസഹ്യമായപ്പോള്‍ തെക്കേച്ചായ്പിലെ കീറപ്പായില്‍ കിടന്ന് സുബൈദ ചെവി പൊത്തി.

             കുഞ്ഞുമോള്‍ അടുക്കളയിലെത്തി ഉണക്ക മീന്‍ ചുട്ട് ഒരു ചമ്മന്തിയരച്ചു. മൂളിപ്പാ‍ട്ട് അപ്പോഴേയ്ക്കും വലിയ ഒച്ചയിലായിക്കഴിഞ്ഞിരുന്നു. ചമ്മന്തിയും കഞ്ഞിക്കലവുമായി അവള്‍ തെക്കേച്ചായ്പിലേയ്ക്ക് നീങ്ങി. കീറപ്പായില്‍ തിരിഞ്ഞുകിടക്കുന്ന സുബൈദയുടെ അരികിലിരുന്ന് കഞ്ഞിക്കലത്തില്‍ വറ്റുകള്‍ പരതിക്കൊണ്ട് അവള്‍ ഉച്ചത്തില്‍ പാടി. ക്രുദ്ധയായി ചാടിയെഴുന്നേറ്റ സുബൈദ കഞ്ഞിക്കലം എടുത്തുവലിച്ചെറിഞ്ഞു. പൊളിഞ്ഞ തറയില്‍ ചിതറിവീണ പഴങ്കഞ്ഞിയിലെ ശേഷിച്ച വറ്റുകള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു. കുഞ്ഞുമോള്‍ കഞ്ഞിക്കയിലുകൊണ്ട് സുബൈദയുടെ കരണക്കുറ്റിക്കൊരടി. രണ്ടുപേരും തറയില്‍ വീണു കെട്ടിമറിഞ്ഞു. കദീജുമ്മയുടെ ഞരങ്ങലിന്റെ താളത്തില്‍ മേളം മുറുകി. കടിച്ചും മാന്തിയും അവര്‍ പോരു തുടര്‍ന്നു, രമണിയുടെ അടുത്ത വരവും കാത്ത്.

       കൂമന്‍‌മാര്‍ മൂളിമൂളിയുറങ്ങിയിട്ടും അലവിഹാജി കടലച്ചാക്കുകളില്‍ കല്ലു കലര്‍ത്തിക്കഴിഞ്ഞിരുന്നില്ല.
* * *

No comments:

Post a Comment