Friday, June 26, 2009

തട്ടുകട ഉണ്ടായിരുന്നത്

അന്ന് ഏറെ വൈകിയാണ് ശാസ്ത്രജ്ഞന്‍ ഗവേഷണശാല വിട്ടത്. തമോഗര്‍ത്തങ്ങളുടെ സ്വാധീനത്തില്‍‌പ്പെടുന്ന പ്രകാശരശ്മികളെക്കുറിച്ചുള്ളതീവ്രമായ പഠനം ഉച്ചയൂണ് മുടക്കിയിരുന്നു. ഭക്ഷണത്തെക്കാള്‍ പ്രധാനം തമോഗര്‍ത്തം എന്നാ‍യിരുന്നു അദ്ദേഹം.

പക്ഷെ വൈകിട്ടായപ്പോള്‍ വയറ്റിലെ തമോഗര്‍ത്തം പ്രശ്നമായി.ഹൈവേയിലെത്തി. “വിപ്ലവം തോക്കിന്‍‌കുഴലിലൂടെ!” എന്നൊക്കെ കുട്ടിക്കാലത്ത് ചുവരുകളില്‍ കണ്ടിട്ടുള്ള അതേ വടിവില്‍ ഒരു ആപ്തവാക്യം ദൂരെ. “കപ്പ! പൊറോട്ട! ബോട്ടി!”ഇന്ന് പൊറോട്ടയും ബോട്ടിയും തന്നെ എന്ന് മനസ്സിലുറപ്പിച്ച് അദ്ദേഹം തട്ടുകടയെ ഉന്നംവച്ചു നീങ്ങി.

വല്ലാത്ത തിരക്ക്. “മൂന്നു പൊറോട്ട, ഒരു ബോട്ടി...” എന്ന്‍ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം കിട്ടിയ മൂലയില്‍ ഇരുന്നു.

വൈകാതെ ഇരകള്‍ മുന്നിലെത്തി. ആവിപറക്കുന്ന കുടലുകറിയും മൂന്നു പൊറോട്ടമാരും, ഒന്നുമറിയാതെ... ആര്‍ത്തുല്ലസിച്ച്‌. ‌കറിയുടെ മണം മൂക്കിലേക്ക് ഇടിച്ചാണോ അടിച്ചാണോ കയറിയതെന്നറിയില്ല. ഗംഭീരം! ഇവന്‍ പുലിതന്നെ! തട്ടുകടക്കാരന് ഉള്ളില്‍ നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം വിക്ഷേപണം ആരംഭിച്ചു. തലച്ചോറിലെ രുചിയുടെ കേന്ദ്രങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ട് ബോട്ടിയും കൂട്ടരും ഒരു ജൈത്രയാത്ര നടത്തി.

അങ്ങനെയിരിക്കുന്ന കാലത്തിങ്കല്‍ മൂന്നാമത്തെ പൊറോട്ട അന്ത്യകൂദാശക്ക് ഒരുങ്ങിക്കിടക്കുമ്പോഴാണ് സംഭവം!

പ്ലേറ്റിലെ ഒരു ബാഹ്യവസ്തു ശാസ്ത്രനേത്രങ്ങളില്‍‌പെട്ടു. ശാസ്ത്രപുരികങ്ങള്‍ ചുളിഞ്ഞു.

“ഡോ...!!!” നീട്ടിയുള്ള വിളിയില്‍ തട്ടുകടയില്‍ ഒരു സ്മോള്‍ ബിഗ് ബാങ്!

തട്ടിക്കൊണ്ടിരുന്ന എല്ലാ തലകളും ഒരേ സ്പോട്ടിലേക്ക്. തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ഈ മൂലയെചുറ്റി തട്ടുകട കറങ്ങി.

“എന്താ സാറെ?” തട്ടുകടയുടയോന്‍ ഉടന്‍ എത്തി.

“എന്തായിത്?”

“എന്ത്?”

പ്ലേറ്റിലെ പ്രതിയെ ചൂണ്ടിക്കൊണ്ട് ശാസ്ത്രജ്ഞന്‍ തട്ടുകടക്കാരനെ തുറിച്ചുനോക്കി.

“ഓ! അതൊരു മുടിയല്ലേ...”

“എന്ത്? മുടിയല്ലേന്നോ? ഭക്ഷണസാധനങ്ങളില്‍ മുടിയിടുന്നത് നിസ്സാരകാര്യമാണോ?”

“അറിഞ്ഞുകൊണ്ട് ആരെങ്കിലും മുടിയിടുമോ സാറെ... ക്ഷമിക്കണം... ഞാന്‍ വേറെ തരാം...”

“വേറെ തന്നതുകൊണ്ട് തീരുന്ന പ്രശ്നമല്ല ഇത്. താനൊക്കെ വൃത്തിയെന്തെന്ന് പഠിക്കണം ആദ്യം. എന്നിട്ടു വേണം കട നടത്താന്‍...”

“എന്റെ പൊന്നുസാറേ... വൃത്തിയുടെ പ്രശ്നമൊന്നുമല്ല ഇത്. എന്തായാലും കൊടലുകറിയല്ലേ!... പുല്ലും വൈക്കോലും വീട്ടിയുമെല്ലാം കടന്നുപോകുന്ന വഴികള്‍!” അയാള്‍ ഉത്താരാധുനികനും ഒപ്പം വികാരാധീനനുമായി.

“.......!”

“എത്രയോ വര്‍ഷമായി ഞാന്‍ ഈ കട നടത്തുന്നു. എത്രയോ മുടികള്‍ കണ്ടിരിക്കുന്നു. കാണാതെ പോയതിന് കണക്കുമില്ല. പക്ഷെ ആരും ഇതൊന്നും കണക്കാക്കാറില്ല. വേപ്പില പോലെ എടുത്തുകളയും.”

“എന്നാല്‍ ഞാനങ്ങനെയല്ല..”

“എങ്കില്‍ ഒരും കാര്യം ചോദിക്കട്ടെ. സാറിന്റെ ഭാര്യ പാകം ചെയ്ത ഭക്ഷണത്തില്‍ മുടി കണ്ടാല്‍ സാറെന്തുചെയ്യും?”

“അതല്ലെ ഇങ്ങോട്ടു പോന്നത്!”

“!!!.... എന്റെ സാറെ എന്നാലും ഇതൊരു മുടിയല്ലേ? ....പാഷാണമോ ന്യൂക്ലിയര്‍ വേസ്റ്റോ ഒന്നുമല്ലല്ലോ...”

“എടോ താനെന്തൊക്കെ പറഞ്ഞാലും ഒരു ശാസ്ത്രജ്ഞനിതൊന്നും അംഗീകരിക്കാനാവില്ല!”

“അതു ശരി, അപ്പോ ശാസ്ത്രജ്ഞനാണ്... സാറെ... ഇതില്‍ ശാസ്ത്രോം മൂത്രോം ഒന്നുമില്ല... വെറും പച്ചമനുഷ്യനും ചത്തപശുവിന്റെ കുടലും മാത്രം...“

“ശാസ്ത്രത്തെ താനധിക്ഷേപിക്കരുത്!”

“എന്റെ സാറെ ഞാനും ശാസ്ത്രം തന്നെയാണ് പറയുന്നത്... അല്ല... ഈ മുടിയെന്ന് പറയുന്നതെന്താ?”

“?”

“പറയാം. ഈ മുടി അത്ര നിസ്സാര കാര്യമൊന്നുമല്ല. അതുകൊണ്ടല്ലേ സാറു തന്നെ കഷണ്ടി മറയ്ക്കാന്‍ ചെവിയുടെ ഭാഗത്തുനിന്നും നീട്ടിവളര്‍ത്തി മേലോട്ട് ചീകുന്നത്! “

“??”

“എത്രയോ ആളുകള്‍ വിഗ്ഗു വച്ചു നടക്കുന്നു. വഴിയേ പോകുന്ന പെണ്ണുങ്ങളില്‍ പകുതിയും വെപ്പുമുടി വച്ചാണ് പോകുന്നത്. എന്തിന്... ഒരു വെളുത്ത മുടിയെങ്ങാന്‍ കണ്ടാല്‍ ഉടനെ കറുപ്പിക്കാന്‍ ആളുകള്‍ കാട്ടുന്ന വെപ്രാളം തന്നെ കണ്ടാല്‍ അറിയാമല്ലോ മുടിയുടെ പ്രാധാന്യം. (...അല്ല, സാറിനെന്തായാലും കറുത്തമുടിതന്നെയല്ലേ കിട്ടിയത്!) ...പിന്നെ.... സ്ത്രീകളുടെ മുടിയെപ്പറ്റി പാടാത്ത കവികളുണ്ടോ? .... ഇനി, ശാസ്ത്രദൃഷ്ട്യാ നോക്കിയാല്‍ വേറെയുമുണ്ട് പ്രാധാന്യം...”

“???”

“ഒരു കൊലക്കേസ് തെളിയിക്കാന്‍ സാറിനിപ്പോള്‍ കിട്ടിയ മുടിയുടെ നൂറിലൊരംശം മാത്രം മതി! ഈ മുടിയില്‍ അടങ്ങിയിട്ടുള്ള കോശങ്ങളിലെ ഡി. എന്‍. എ. യില്‍ നിന്ന്‌ അതിന്റെ ഉടമസ്ഥനെ തിരിച്ചറിയാം!”

കൊതുകിനെപ്പോലെ ഇരിക്കുന്നെങ്കിലും ഇവന്‍ ശാസ്ത്രകുതുകിയാണെന്ന് തോന്നിയപ്പോള്‍ അദ്ദേഹം സശ്രദ്ധം ശ്രവിച്ചു.

“ദിനോസറിന്റെ ഫോസിലില്‍ നിന്നു കിട്ടിയ ഒരു രോമത്തില്‍ നിന്നും അതിന്റെ ജീനുകള്‍ വേര്‍തിരിച്ചെടുത്തതായി പത്രത്തില്‍ വാര്‍ത്ത വന്നതു സാറു മറന്നോ? ഒരു മുടി കിട്ടിയാല്‍ അതിലെ കോശങ്ങളില്‍ നിന്ന് ക്രോമസോമുകള്‍ വേര്‍തിരിച്ചെടുത്ത് അതിന്റെ ഉടമസ്ഥന്റെ തനി സ്വരൂപം ക്ലോണ്‍ ചെയ്തെടുക്കാം എന്നതും സാറു മറന്നോ? ഡി. എന്‍. എ. കളും ആര്‍. എന്‍. എ. കളും അടക്കിവാഴുന്ന ജീവശാസ്ത്രലോകത്തില്‍ ഇവയൊക്കെ ഉള്‍ക്കൊള്ളുന്ന മഹത്തായ ജൈവാംശമായ മുടിയെ ഒരു സാധാരണക്കാരന്‍ നിസ്സാരവല്‍ക്കരിച്ചാല്‍ ഞാന്‍ ക്ഷമിക്കാം... പക്ഷെ....;”

ആ അര്‍ദ്ധവിരാമം തന്റെ ഉച്ചിയില്‍ല്‍ വീണ തേങ്ങയാണെന്ന് അദ്ദേഹത്തിന് തോന്നി. കണ്ണുകള്‍ നിറഞ്ഞു. ഒരു മുടിയെ താന്‍... ഛെ... ഇത്ര പുച്ഛിക്കരുതായിരുന്നു. മുടി പ്രപഞ്ചരഹസ്യങ്ങളുടെ അണ്ഡകടാഹമാണ് എന്ന് ആരും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന് വിശ്വസിക്കാന്‍ തോന്നിയില്ല.

തട്ട് തുടര്‍ന്നു: “ഇനി അല്പം കൂടി ഉള്ളിലേയ്ക്ക് ചിന്തിച്ചാല്‍ മുടിയിലടങ്ങിയിട്ടുള്ള ജൈവതന്മാത്രകളില്‍ ഡി. എന്‍. എയുടെയും അടിസ്ഥാനഘടകങ്ങളായ കാര്‍ബണ്‍, ഹൈഡ്രജന്‍, ഫോസ്‌ഫറസ് , ഓക്സിജന്‍ എന്നിവയുടെ ആന്തരികഘടന...”

“ക്ഷമിച്ചാലും....”

വാഗ്മിയെ നമിച്ചുകൊണ്ട് കഥാബിന്ദുവായ മുടിയെ വളരെ ശ്രദ്ധയോടെ എടുത്ത് വായിലേക്കിട്ട് കഥാനായകന്‍ ചവച്ചരച്ചു. മുടി സൂക്ഷ്മതലത്തില്‍ ന്യൂക്ലിയാക് അമ്ലങ്ങളായി മാറുന്നതായി അദ്ദേഹത്തിന്‌ അനുഭവപ്പെട്ടു. ഡി. എന്‍. എ. കളും ആര്‍. എന്‍. എ. കളും അന്നനാളത്തിലൂടെ ഒലിച്ചിറങ്ങി. ആമാശയഭിത്തികളില്‍ ക്രോമസോമുകള്‍ ഇക്കിളി കൂട്ടി. കൊള്ളാം!!!

കണ്ണിറുക്കിയടച്ച് നാക്ക് ഞൊടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: “ഇനിയുമുണ്ടോ?”

“എന്ത്?” തട്ടൊന്നു ഞെട്ടി...

ശബ്ദമില്ലാതെ വെളുക്കെ ചിരിച്ച്, പ്ലേറ്റിലെ പ്രതിയായിരുന്ന വാദി കിടന്നിടത്തേക്ക് ശാസ്ത്രം വിരല്‍ ചൂണ്ടി!!!

- - - - - - - - - - - - - - - - - - - - - - -

ഇവിടെയാണത്രെ ആ തട്ടുകട ഉണ്ടായിരുന്നത്.


* * * * * * * * * * * * * * * * * * * * * * * * * * *

6 comments:

 1. ഒരു മുടി കഥ..
  രസിപ്പിച്ചു

  ReplyDelete
 2. ഇതില്‍ ശാസ്ത്രോം മൂത്രോം ഒന്നുമില്ല... രസിപ്പിച്ചു

  ReplyDelete
 3. സാറെ... ഇതില്‍ ശാസ്ത്രോം മൂത്രോം ഒന്നുമില്ല... വെറും പച്ചമനുഷ്യനും ചത്തപശുവിന്റെ കുടലും മാത്രം...“
  രസകരമായ വാക്കുകളും വരികളും.
  നന്നായിരിക്കുന്നു

  ReplyDelete