Saturday, February 13, 2010

‘എസ്’ ആകൃതിയുള്ള കത്തി

ക്വട്ടേഷന്‍ സംഘം ഇംഗ്ലീഷിലെ ‘എസ്’ ആകൃതിയുള്ള കത്തിയാണ് ഉപയോഗിച്ചത്” - ഞാന്‍ പത്രവാര്‍ത്ത ഒന്നുറക്കെ വായിച്ചതേയുള്ളു. എന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയിട്ട് ആരോ മുറിക്കകത്തു കയറി കതകടച്ചു കുറ്റിയിട്ടു.

ആരാണത്? ഞാ‍നൊരു തെറ്റും ചെയ്തില്ലല്ലോ.

ക്വട്ടേഷന്‍ സംഘത്തില്‍‌പെട്ട ആരെങ്കിലും? പക്ഷെ അവരാണെങ്കില്‍ എന്നേക്കൊണ്ട് ഇത്രയും ആലോചിപ്പിക്കില്ലായിരുന്നു! പിന്നെ ആരായിരിക്കും?

രണ്ടും കല്പിച്ചു കതകില്‍ മുട്ടി. വാതില്‍ തുറക്കുന്നില്ല. അകത്തു കടന്നയാള്‍ ഏന്തിയേന്തി കരയുന്നു.

ഞാന്‍ ചോദിച്ചു. “ആരാണ് നീ? എന്തിനാണ് എന്നെ അധിക്ഷേപിച്ചത്? എന്നിട്ടിപ്പോള്‍ നീ കരയുന്നതെന്തിന്?” മറുപടിയില്ല.

കരച്ചിലിന്റെ ശക്തി അല്‍പം കൂടി. വല്ലാത്ത പുലിവാലായെന്ന് എനിക്കു തോന്നി. അകത്തെ കരച്ചിലിന്റെ ആഴം കൊണ്ട് ഒരു കുറ്റബോധം മനസ്സില്‍ തോന്നി തുടങ്ങിയിരുന്നു. ഒന്നും മനസ്സിലാകുന്നുമില്ല.

കോപമടക്കി ശബ്ദം ഒന്നു മയപ്പെടുത്തി ഞാന്‍ വീണ്ടും ചോദിച്ചു. “കരയാതെ കാര്യം പറയൂ. നീ ആരാണെന്നറിയാന്‍ എനിയ്ക്ക് അവകാശമുണ്ട്. നിന്നോട് ഞാനെന്ത് തെറ്റുചെയ്തു എന്നും അറിയണം.”

അകത്തെ കരച്ചിലൊന്നടങ്ങി.

പറയാം” നല്ല പരിചയമുള്ള ശബ്ദം തന്നെ!

പക്ഷെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. എന്തൊരു മറവി.

രോഷം കലര്‍ന്ന ശബ്ദം അകത്തുനിന്നുയര്‍ന്നു: “ഞാനൊന്നു ചോദിക്കട്ടെ. നിങ്ങളുടെ അമ്മയെ, അടുത്ത ബന്ധുക്കള്‍ മാത്രമുള്ള ഒരു ചടങ്ങില്‍ വച്ച് നിങ്ങള്‍ക്ക് പരിചയമുള്ള മറ്റാരോ ആയി നിങ്ങള്‍ പരിചയപ്പെടുത്തുകയും ബന്ധുക്കള്‍ അത് കണ്ണടച്ചു വിശ്വസിക്കുകയും ചെയ്യുന്ന ഒരു സന്ദര്‍ഭം ഒന്നു സങ്കല്പിച്ചു നോക്കൂ. എന്തായിരിക്കും ആ അമ്മയുടെ അവസ്ഥ?”

അങ്ങനെ സംഭവിക്കില്ല! ഒരു കാരണവശാലും അങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാവില്ല.” ഞാന്‍ കട്ടായം പറഞ്ഞു.

സംഭവിച്ചാല്‍ - എന്നാണ് എന്റെ ചോദ്യം? ….. നിങ്ങളല്ല, വേറൊരാളാണെന്നു കരുതൂ.”

അങ്ങനെ സംഭവിച്ചാല്‍... വളരെ ദയനീയമാണ്. അയാള്‍ക്ക് ഭ്രാന്ത് തന്നെയായിരിക്കും. ആ അമ്മ യുടെ കാര്യം ഓര്‍ക്കാന്‍ പോലും വയ്യ. മരിച്ചതിനേക്കാള്‍ കഷ്ടം.”

സമ്മതിച്ചല്ലോ? എങ്കില്‍ ഞാന്‍ ആ അവസ്ഥയിലാണ് ”

ഞാന്‍ സ്തബ്ധനായി.

പക്ഷെ, എങ്ങനെ? നീ ആരാണ്? ഞാന്‍ നിന്നെ എന്തു ചെയ്തു? ഏതാനും ദിവസമായി നാട്ടിലെ പത്രമായ പത്രം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തയിലെ ഒരു വാചകം ഞാനൊന്നു വായിച്ചതല്ലേയുള്ളൂ....

എസ്’’ ആകൃതിയുള്ള കത്തി നാട്ടിലെ അടുത്ത കാലത്തെ പ്രധാന കണ്ടുപിടുത്തമാണെന്ന് കുഞ്ഞുകുട്ടികള്‍ക്കു വരെ അറിയാം. എന്നിട്ടും ഞാനെന്തോ തെറ്റു ചെയ്തതുപോലെ എന്നെ അപമാനിച്ചതെന്തിന്?...... പറയൂ? ആരാണ് നീ?” എന്റെ ക്ഷമ നശിച്ചു തുടങ്ങി.

പറയാം. ഞാനാണ് ‘ട’. ഓര്‍മ്മയുണ്ടോ? കചടതപ യിലെ ‘ട’..... നിനക്കു മനസ്സിലാകണമെങ്കില്‍ ഇംഗ്ലീഷില്‍ 'ടി‌എ' എന്നു പറയണമെന്ന് എനിയ്ക്ക റിയാം. കാരണം നീ അല്പനാണ്!......“

ഒരു പല്ലിറുമ്മലിന്റെ അകമ്പടിയോടെ വീണ്ടും ശകാരങ്ങള്‍...

അമ്മ തന്നയച്ച പൊതിച്ചോറ് ഭക്ഷിച്ച് വിശപ്പു മാറിയപ്പോള്‍ നീ അമ്മയുടെ മുഖം മറന്നു.....

നടുക്കടലില്‍ വച്ച് പെരുമഴയത്ത് ‘വെള്ളമെന്നാല്‍ ഫിഫ്‌റ്റീന്‍ റുപ്പീസിന് ബോട്ടിലില്‍ അവയ്‌ലബിളായിട്ടുള്ള ലിക്വിഡ് ’ എന്ന് സ്വന്തം മക്കളെ പഠിപ്പിക്കുവാന്‍ അറപ്പില്ലാത്തവനാണ് നീ.”

കാര്യത്തിന്റെ ഗൌരവം എനിയ്ക്കു പിടി കിട്ടിത്തുടങ്ങി.

ഏറ്റവും വിഷമമുള്ള വിഷയമായ മലയാളം പഠിപ്പിക്കുമ്പോള്‍ “ലുക് ഡാഡി, നമ്മുടെ ‘എസ്’ പോലെ ഒരു ലെറ്റര്‍” എന്ന് ‘ട’ യെ ചൂണ്ടി മകന്‍ ആശ്ചര്യപ്പെട്ടതു ഞാനോര്‍ത്തു. യാ, യാ എന്നായിരുന്നു എന്റെ മറുപടി.

കുട്ടിക്കാലത്തെ ഇനിയും അറ്റുപോകാത്ത ചില ഓര്‍മ്മകള്‍ പെട്ടെന്ന് മനസ്സിലെത്തി.

ഉണ്ണിപ്പിള്ളയാശാന്റെ വീട്ടുമുറ്റം.

സ്കൂളില്‍ ചേര്‍ക്കുന്നതിനു മുന്‍പ് അക്ഷരം പഠിപ്പിക്കാന്‍ കുട്ടികളെ ആശാന്റെയടുക്കല്‍ വിടുമായിരുന്നു. നിരന്നിരിക്കുന്ന ഞങ്ങളെ വിരല്‍ പിടിച്ച് മണ്ണില്‍ എഴുതിക്കുമായിരുന്നു ആശാന്‍. ‘ആ’ കൊണ്ട് അദ്ദേഹം ആനയെ വരച്ചു കാണിക്കും. ‘ക’ കൊണ്ട് തൊപ്പിക്കാരനേയും ‘ത’ കൊണ്ട്‌ പെണ്‍കുട്ടി യേയും.

ഒരിക്കല്‍ ഞങ്ങളിരിക്കുന്നതിന്റെ സമീപം ഒരു പാമ്പു വന്നു. ഞങ്ങള്‍ ഭയന്നു വിറച്ചപ്പോള്‍ ആശാന്‍ ഓടിച്ചെന്ന് പാമ്പിനെ അടിച്ചുകൊന്നു. എന്നിട്ട് ചത്ത പാമ്പിനെ നിലത്തു വളച്ചിട്ടുകൊണ്ട് ആശാന്‍ പറഞ്ഞു: “നോക്കെടാ, ഇതേതക്ഷരമാ?”

ഞങ്ങളെല്ലാവരുമൊപ്പം വിളിച്ചു പറഞ്ഞു: “ട യാ‍ണാ ശാനെ, ട”.

മിടുക്കന്മാര്‍” എന്നു പറഞ്ഞുകൊണ്ട് ആശാനൊരു പാട്ടു പാടി; ഞങ്ങളതേറ്റു പാടി.

വടിയും കുത്തി

കുടയും ചൂടി

കടയില്‍ വന്നൊരു

കുടവയറന്‍

വട തിന്നപ്പോള്‍

കുടയെ മറന്നു

നടനടയാ‍യി

ഇടവഴിയെ


ഇടിയും മിന്നലു-

മുടനെയെത്തി

കടിപിടിയായി

മാനത്ത്

അടിമുടി നനയും

മഴയത്തോടി

കുടയുംതേടി

കുടവയറന്‍’

എന്നിട്ടാശാന്‍ പറഞ്ഞു: “ഈ പാട്ടില്‍ എത്ര ‘ട’ യുണ്ടെന്ന് എല്ലാരും നാളെ പറയണം.”


അകത്തു നിന്ന് ശബ്ദം വീണ്ടുമുയര്‍ന്നപ്പോള്‍ ഓര്‍മ്മ കള്‍ മുറിഞ്ഞു.

എസ് ആകൃതിയുള്ള കത്തിയെന്ന് ആയിരം നാവുകള്‍ പറഞ്ഞപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചു - ‘ട’ ആകൃതിയുള്ളതെന്ന് ഒരാളെങ്കിലും തിരുത്തുമെന്ന്. പക്ഷെ നിരാശയായിരുന്നു ഫലം. കാരണമെന്തെന്നോ, സ്വയം തിരിച്ചറിയാത്ത, വെറും പൊങ്ങുതടികളാണ് നിങ്ങള്‍!”

മൌനം അധികം നീണ്ടില്ല.

നീ വിചാരിക്കുന്നുണ്ടാവും ഈ സംഭവത്തില്‍ ഇതാണോ ഇത്ര വലിയ വിഷയമെന്ന്. അതെ, ഇതു തന്നെയാണ് വലിയ വിഷയം. നീ വായിച്ച വാര്‍ത്തയില്‍ തന്നെ എത്ര ഞാനുണ്ട്? ഈ താളില്‍, ഈ പത്രത്തില്‍ എത്ര ഞാനുണ്ട്? കണ്ണുണ്ടായിട്ടും നീ അതൊന്നും കാണുന്നില്ല... ഒരു ദിവസം ആയിര ക്കണക്കിന് ‘ട’ നീയുച്ചരിക്കുന്നു.... പക്ഷെ കാതുണ്ടായിട്ടും നീ കേള്‍ക്കുന്നില്ല.... എന്നെ മാത്രമല്ല “ഗ” യെയും നീ ഓര്‍ത്തില്ല! പടുകൂറ്റന്‍ കുഴിയിലാണ് നീ വീണിട്ടുള്ളത്. അല്ലെങ്കില്‍ ഞങ്ങളെ നീ വീഴ്ത്തിയിട്ടുള്ളത്.....”

എന്റെ കണ്ണുകളില്‍ ഇരുട്ടു കയറി. സാക്ഷരതയുടെ ശതമാനവും, ജീവിതനിലവാരത്തിന്റെ പട്ടികയും, ആരോഗ്യസൂചികയും നെറ്റിയിലൊട്ടിച്ച് ഞെളിഞ്ഞുനടന്നിരുന്ന എനിയ്ക്ക് ഇതുപോലൊരു അടി ആരും തന്നിട്ടില്ല!

നിനക്കറിയാമോ? എത്ര നൂറ്റാണ്ടുകളായി ഞാന്‍ നിങ്ങളുടെ നാവിലുണ്ട്. മണ്ണില്‍, കല്ലില്‍, പനയോലയില്‍, ചെമ്പോലയില്‍, കടലാസില്‍.... നിങ്ങളുടെ എത്ര തലമുറയിലെ പൂര്‍വികര്‍ എന്നിലൂടെ കഥ പറഞ്ഞു, കവിതയെഴുതി, പാട്ടുപാടി, അറിവു തേടിയും നേടിയും ജീവിച്ചു. എന്നിട്ടും നീയെനിക്ക് പുല്ലുവില തരുന്നില്ല..... ഗുരുത്വദോഷം! നന്ദികേട്!!”

തൊണ്ട വറ്റി. ഒരു മറുപടിക്കുവേണ്ടി ഞാന്‍ പരതി. മറുപടി പറയാനുള്ള അര്‍ഹത പോലുമില്ലെന്നു തോന്നുന്നു.

വെള്ളം കണ്ടിട്ട് വര്‍ഷങ്ങളായ നീളന്‍ തുണിക്കഷണം കൊണ്ട് പുരപ്പുറം അലങ്കരിക്കാത്ത വീടുകള്‍ നാട്ടിലില്ല. അവ പരത്തുന്ന നാറ്റം ചീഞ്ഞ മൂക്കുകള്‍ എങ്ങനെ തിരിച്ചറിയാന്‍?”

എന്റെ മൌനം ഒരു തേങ്ങലായ് മാറിയപ്പോള്‍ അകത്തെ രോഷം അല്പമടങ്ങിയതായി തോന്നി.

ഇതെന്റെ ഒരാളുടെ മാത്രം അവസ്ഥയല്ല; എന്നേപ്പോലെ അവഗണിക്കപ്പെട്ട “ഗ” യുടെയും മാത്രമല്ല... ഞങ്ങള്‍ അമ്പത്തൊന്നുപേരുടേയും ദുര്യോഗമാണ്. ലോകത്തൊരിടത്തും ഞങ്ങളെപ്പോലെ ഉറ്റവരാല്‍ വെറുക്കപ്പെട്ടവരില്ലെന്നു തോന്നുന്നു! .........

എസ് ’ ആകൃതിയുള്ള കത്തിയെപ്പറ്റിയാണ് നിന്റെ പേടി. എന്നാല്‍ ‘എ’ മുതല്‍ ‘സെഡ്’ ’ വരെയുള്ള കത്തിമുനകളിലാണ് ഇപ്പോള്‍ ഞങ്ങളുടെ കഴുത്ത്. ഞങ്ങളവരുടെ കൂലിയില്ലാത്ത ദാസന്‍‌മാര്‍! ഇനി എത്രനാ‍ള്‍ ജീവിച്ചിരിക്കുമെന്നുപോലും ഞങ്ങള്‍ക്കറിയില്ല....ചരമക്കോളത്തില്‍ “എസ്” ആകൃതിയുള്ള അക്ഷരം അന്തരിച്ചു എന്നടിച്ചവരുമെന്ന് ഉറപ്പുള്ളതിനാല്‍ ആത്മഹത്യ ചെയ്യാനും ധൈര്യമില്ല....”

ഞാനാകെ തളര്‍ന്നിരുന്നു. ‘ട’ പറഞ്ഞതെല്ലാം സത്യമാണ്. മുഖത്തു തുപ്പലേറ്റതില്‍ തെല്ലും ഖേദം തോന്നിയില്ല. അതിനപ്പുറം അര്‍ഹനാണ്. ചുമരില്‍ കൈ പിടിച്ച് താഴെയിരുന്ന് തറയില്‍ മെല്ലെ കിടന്നു.

അകത്തു നിന്നു പിന്നെയും എണ്ണിപ്പറഞ്ഞുകൊണ്ടുള്ള കരച്ചിലും ശാപവചനങ്ങളും കേള്‍ക്കാം.

പതിയെ കണ്ണുകളടയുമ്പോള്‍ തലയ്ക്കു വല്ലാത്ത വേദന. തൊപ്പിയിലെ തൂവലുകള്‍ തലയ്ക്കുള്ളിലേക്ക് തുളച്ചുകയറിയിരിക്കുന്നതായി തോന്നുന്നു.

ഹൃദയം വല്ലാതെ പിടഞ്ഞപ്പോള്‍ തലച്ചോറിലെ മുറിവുകള്‍ ഞാനെണ്ണി നോക്കി.

ഒന്ന്, രണ്ട്, മൂന്ന്, .........., ഇരുപത്തിയാ‍റ്...

2 comments:

  1. ആനുകാലികമായ ആ സംഭവത്തിലൂടെ മലയാള ഭാഷയ്ക്ക് വന്ന ദുര്യോഗം വരച്ചു കാട്ടാനുള്ള മികച്ച ശ്രമം.
    അഭിനന്ദിക്കാതെ വയ്യ മാഷെ താങ്കളുടെ ഭാവനയെ...
    ഇനിയുംഎഴുതൂ...ഒരുപാട് ...
    നമ്മുടെ ഭാഷ അങ്ങനെ കുറച്ചു എങ്കിലും ആശ്വസിക്കട്ടെ..

    ReplyDelete
  2. അഭിനന്ദിക്കാതെ വയ്യ മാഷെ താങ്കളുടെ ഭാവനയെ

    ReplyDelete